News

തനിമ 2015 മെഗാ തിരുവാതിരക്കളിയുടെ പരിശീലനം

തനിമ 2015 മെഗാ തിരുവാതിരക്കളിയുടെ പരിശീലനങ്ങള്‍ക്കു പരിസമാപ്തി കുറിച്ച് ഇന്ന് രാവിലെ ക്രൈസ്റ്റ് കോളേജ് സ്‌റ്റേഡിയത്തില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത മെഗാ പരിശീലനം നടന്നു. മാസങ്ങളുടെ കാത്തിരിപ്പിനും കഠിനപ്രയത്‌നത്തിനും ഒടുവില്‍ കേരളത്തിലെ വനിതകളുടെ തനതു സംഘനൃത്ത കലാരൂപമായ തിരുവാതിരക്കളിയും വിസ്മയ സാംസ്‌കാരികോത്സവമായ തനിമയും ഗിന്നസ് റെക്കോര്‍ഡിലെത്താന്‍ ഇനി മൂന്നു ദിവസങ്ങള്‍ മാത്രം. അന്‍പതിനായിരത്തിലധികം കാണികള്‍ക്കും ലണ്ടനില്‍നിന്നെത്തുന്ന ഗിന്നസ് അധികാരികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ നാലായിരം നര്‍ത്തകിമാര്‍ തിരുവാതിര കളിക്കും. ഫെബ്രുവരി 2-ാം തിയ്യതി വൈകിട്ടു 3 മണിക്ക് ക്രൈസ്റ്റ് കോളേജ് സ്‌റ്റേഡിയത്തിലാണ് മെഗാ തിരുവാതിര അരങ്ങേറുക. മെഗാ തിരുവാതിരക്കളിയുടെ അവസാനഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. 


വ്യത്യസ്‌തതയോടെ എക്‌സിബിഷനുമായി തനിമ 2015

തനിമ 2015 സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി എക്‌സിബിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ നഗറില്‍ (അയ്യങ്കാവ്‌ മൈതാനിയില്‍) ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍, ഫുഡ്‌ ഫെസ്റ്റിവല്‍, ഫ്‌ളവര്‍ഷോ, അക്വേറിയം ഷോ, പെറ്റ്‌ ഷോ, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ (വിവിധ തരത്തിലുള്ള സാഹസിക റൈഡുകള്‍, Moving Miracles ) എന്നിവ നടത്തുന്നു. 2015 ഫ്രെബ്രുവരി 1-ാം തിയ്യതി മുതല്‍ ഫ്രെബ്രുവരി 8-ാം തിയ്യതി വരെയുള്ള ദിവസങ്ങളിലാണ്‌ എക്‌സിബിഷന്‍ നടക്കുന്നത്‌. തനിമ എക്‌സിബിഷന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഉണ്ണായിവാര്യര്‍ നഗറില്‍ (അയ്യങ്കാവ്‌ മൈതാനിയില്‍) 2015 ഫ്രെബ്രുവരി 1-ാം തിയ്യതി ഞായറാഴ്‌ച വൈകീട്ട്‌ 5.30ന്‌ ബഹു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്‌. തനിമ ഷോപ്പിങ്ങ്‌ ഫെസ്റ്റിവലില്‍ ജനങ്ങള്‍ക്ക്‌ സൗകര്യപ്രദമായ രീതിയില്‍ ഷോപ്പിങ്ങ്‌ നടത്താവുന്നതും, മികച്ച സേവനം ലഭിക്കുന്നതും, ഫലപ്രദമായ വിവരങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള വ്യാപാരസ്ഥാപനങ്ങളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും എക്‌സിബിഷന്‍ സ്റ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്‌. തനിമ അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ കുട്ടികളുടേയും, മുതിര്‍ന്നവരുടേയും മാനസികവും, ശാരീരികവുമായ ഉല്ലാസത്തിനായി ഒരുക്കിയിരിക്കുന്നു. അമ്യൂസ്‌മെന്റ്‌ പാര്‍ക്കില്‍ വിവിധ തരത്തിലുള്ള ആകര്‍ഷകമായ റൈഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ എല്ലാവരേയും വളരെയധികം ആകര്‍ഷിക്കുന്ന രീതിയില്‍ Moving Miracles എന്നറിയപ്പെടുന്ന ചലിക്കുന്ന വന്യമൃഗങ്ങളുടേയും, വെള്ളച്ചാട്ടത്തിന്റെയും മറ്റും ദൃശ്യവിരുന്ന്‌ പ്രത്യേകമായി ഒരുക്കിയിരിക്കുന്നുവെന്ന്‌ തനിമ 2015 എക്‌സിബിഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. എസ്‌. ബോസ്‌ കുമാര്‍ (ചെയര്‍മാന്‍), എം.ജെ. റാഫി (കണ്‍വീനര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

തനിമ-2015 'ശാസ്ത്രം, സമൂഹം, പരിസ്ഥിതി' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

തനിമ-2015 സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി 'ശാസ്ത്രം, സമൂഹം, പരിസ്ഥിതി' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി രാജേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വികസനവും പരിസ്ഥിതിയും ശാസ്ത്രചിന്തയും എന്ന വിഷയത്തില്‍ സി.ആര്‍ നീലകണ്ഠനും ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെക്കുറിച്ച് ഡോ. സി.എന്‍.പരമേശ്വരനും വിഷയാവതരണം നടത്തി. അഡ്വ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ആര്‍.ജയറാം, സനോജ് എം.ആര്‍, എ.കെ.ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാഹിത്യസമ്മേളനങ്ങള്‍ പുതിയ സാംസ്‌കാരിക നവോത്ഥാനത്തിന് ഇടനല്‍കിയിട്ടുണ്ട്- അശോകന്‍ ചെരുവില്‍

ഇരിങ്ങാലക്കുടയില്‍ നടന്ന സാഹിത്യസമ്മേളനങ്ങള്‍ പുതിയ ഒരു സാംസ്‌കാരിക നവോത്ഥാനത്തിന് ഇടനല്‍കിയിട്ടുണ്ടെന്നും സോപ്പുവ്യവസായത്തിന്റെ ഉദ്ഘാടനം പോലും സാഹിത്യനായകന്മാരുടെ സാന്നിദ്ധ്യം കൊണ്ട് സമൃദ്ധമായിരുന്നുവെന്നും തനിമ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെറുകഥാകൃത്ത് അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു. സി.ആര്‍.കേശവന്‍ വൈദ്യരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന വിവേകോദയം മാസിക നിരവധി സാഹിത്യകാരന്മാരുടെ ഉദയത്തിനും വളര്‍ച്ചക്കും വഴിതെളിയിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥകാലത്തു പ്രസിദ്ധീകരിച്ച സച്ചിദാനന്ദന്റെ നാവുമരം പോലുളള രചനകള്‍ ചരിത്രസംഭവമാണ്. 

തനിമ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും ഫിലിമോത്സവത്തിന്റെയും ഭാഗമായാണ് സാഹിത്യസംഗമം സംഘടിപ്പിച്ചത്. ബാലചന്ദ്രന്‍ വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. തനിമ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ആമുഖപ്രഭാഷണം നടത്തി. ടി.വി.കൊച്ചുബാവയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ജന്മശ്രാദ്ധം' എന്ന കൃതിയെക്കുറിച്ച് ചര്‍ച്ച നടത്തി. പി.കെ.ഭരതന്‍ മോഡറേറ്ററായിരുന്നു. എം.കെ.ശ്രീകുമാര്‍, കെ.രേഖ, സാവിത്രി ലക്ഷ്മണന്‍, ഡോ. സി.കെ.രവി, പ്രൊഫ. കെ.യു.അരുണന്‍, രാധിക സനോജ്, തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. 

പ്രൊഫ. വി.കെ.ലക്ഷ്മണന്‍ നായര്‍ രചിച്ച 'കലിയുഗം', അരുണ്‍ ഗാന്ധിഗ്രാം രചിച്ച 'മടിച്ചി' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 'ഇരിങ്ങാലക്കുടയുടെ സാഹിത്യ സംഭാവന' എന്ന വിഷയത്തില്‍ ഇരിങ്ങാലക്കുടയിലെ നൂറോളം എഴുത്തുകാരെ പരിചയപ്പെടുത്തികൊണ്ട് പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ പ്രഭാഷണം നടത്തി. അന്താരാഷ്ട്ര പുസ്തകോത്സ കണ്‍വീനര്‍ സോണിയ ഗിരി സ്വാഗതവും സനോജ് എം.ആര്‍ നന്ദിയും പറഞ്ഞു.

'തനിമ 2015'-കവിയരങ്ങ്

തനിമ സാംസ്‌ക്കാരികോത്സവത്തോടനുബന്ധിച്ച് കവിയരങ്ങ് നടത്തി.പ്രൊഫ.വി.ജിതമ്പി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍ അഡ്വ.തോമാസ് ഉണ്ണിയാടന്‍ എം.എല്‍ .എ അദ്ധ്യക്ഷതവഹിച്ചു.പി.കെ.ഭരതന്‍ മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തി.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,സെബാസ്റ്റ്യന്‍,രോഷ്‌നി സ്വപ്‌ന,ബക്കര്‍ മേത്തല,ശ്രീലത വര്‍മ്മ,വര്‍ഗ്ഗീസ് ആന്റ്ണി,പി.സലീം രാജ്,കവിത ബാലകൃഷ്ണന്‍,ഇ.ജിനന്‍,പി.എന്‍ സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.രാധിക സിനോജ്  സ്വാഗതവും സോണിയാഗിരി നന്ദിയും പറഞ്ഞു

First
 
Previous
  4 5 6  
Next
 
Last