News

തനിമ ക്രിസ്തുമസ്സ് - നവവത്സര കൂട്ടായ്മ മാനവികതക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി
സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കി തനിമ ക്രിസ്തുമസ്സ് - നവവത്സരാഘോഷം വേറിട്ട അനുഭവമായി മാറി. സ്വര്‍ഗ്ഗീയ സംഗീതം പൊഴിച്ച് മാലാഖാവൃന്ദവും ആശംസകളേകി ക്രിസ്തുമസ്സ് പാപ്പമാരും പ്രതീക്ഷാനിര്‍ഭരരായ ആട്ടിടയന്‍മാരും ആഘോഷത്തില്‍ അണിനിരന്നു. തിരുപിറവി അനുസ്മരിപ്പിച്ച് ഉണ്ണിയേശുവിന്റെ മാതാവിന്റെയും പിതാവിന്റെയും സാന്നിദ്ധ്യം ചടങ്ങിനെ ഭക്തി നിര്‍ഭരമാക്കി. ലോകജനതയുടെ വികാരങ്ങളെ സാംശീകരിച്ച് മാനവികതയില്‍ ഒന്നായി മാറിയ കൂട്ടായ്മ ആഘോഷത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി മാറി. ആഘോഷ പരിപാടികള്‍ തനിമ ചെയര്‍മാന്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഇടവേള ബാബു, ബോബി ജോസ്, കെ.പി.ദേവദാസ്, എം.എന്‍.തമ്പാന്‍, സാവിത്രി ലക്ഷ്മണന്‍, കാട്ടിക്കുളം ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനനേതാക്കളുടെ കൂട്ടായ്മയാണ് തനിമയുടെ വിജയം:
അഡ്വ. തോമസ് ഉണ്ണിയാടന്‍
വിവിധ തലത്തിലുളള ജനപ്രതിനിധികളുടെയും ജനനേതാക്കളുടെയും കൂട്ടായ്മയും നേതൃത്വവുമാണ് തനിമയുടെ വിജയമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. തനിമ 2015നോട് അനുബന്ധിച്ച് നടത്തിയ ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പുളളി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആലീസ് തോമസ്, മേരി റപ്പായി, പ്രസിഡണ്ടുമാരായ ലോഹിതാക്ഷന്‍, എന്‍.ജി.ശശിധരന്‍, ശ്രീരേഖ ഷാജി, അയ്യപ്പന്‍ അങ്കാരത്ത്, അഡ്വ. ജോസ് മൂഞ്ഞേലി, വൈ. പ്രസിഡണ്ട് പി.കെ.അജയഘോഷ്, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിനു സുബ്രഹ്മണ്യന്‍, ഐ.ഡി.ഫ്രാന്‍സീസ്, പ്രമീള അശോകന്‍, സിനിമാ നടന്‍ ഇടവേള ബാബു, കെ.പി.ദേവദാസ്, ബോബി ജോസ്, എം.എന്‍.തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തനിമ കലാ-സാഹിത്യോത്സവം- നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒന്നാം സ്ഥാനം
ജനുവരി 27ന് ആരംഭിക്കുന്ന തനിമ 2015 നോട് അനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ 2000 ഓളം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ മല്‍സരിച്ച തനിമ കലാ-സാഹിത്യോത്സവത്തില്‍ 44 പോയിന്റുകളോടെ ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. 33 പോയിന്റുകളോടെ ഭാരതീയ വിദ്യാഭവന്‍ രണ്ടാം സ്ഥാനവും, 29 പോയിന്റ് നേടി എസ്.എന്‍. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് കോളേജ് ഇന്റോര്‍ സ്‌റ്റേഡിയം, കെ.എസ്.പാര്‍ക്ക് എന്നി കേന്ദ്രങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്റി, കോളേജ് വിഭാഗങ്ങള്‍ തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കാവ്യാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ രചന, ചിത്രരചന, കാര്‍ട്ടൂണ്‍, പ്രശ്‌നോത്തരി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. വിജയികള്‍ക്ക് തനിമ വേദിയില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കുമെന്ന് ചെയര്‍മാന്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അറിയിച്ചു.
തനിമ കേരളത്തിന് മികച്ച മാത്യക-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തനിമ സാംസ്‌കാരികകോത്സവം കേരളത്തിന് മികച്ച മാത്യകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.2015 ജനുവരി 27 മുതല്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന തനിമ-2015ന്റെ ഔദ്യോഗിക പ്രാഖ്യാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 501 അംഗ സംഘാടക സമിതിയാണ് തനിമ -2015ന്റെ വിവിധ പരിപാടിക്ക് മേല്‍നോട്ടം വഹിക്കുന്നത്്. ഗിന്നസ് ബുക്ക് ലക്ഷമിട്ട് നടത്തുന്ന മെഗാ തിരുവാതിരക്കളി തനിമ-2015 ന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.ഇരിങ്ങാലക്കുടയുടെ പൈതൃകം വിളിച്ചോതുന്ന തനിമ സാംസ്‌ക്കാരികോത്സവം 2005 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തിവരികയാണ്.തനിമ 2015 ന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.എം.എല്‍.എമാരായ അഡ്വ.തോമാസ് ഉണ്ണിയാടന്‍ ,മോന്‍സ് ജോസഫ്,ഡി.മൊയ്തീന്‍കുട്ടി,സിനിമാതാരം ഇടവേള ബാബു എന്നിവര്‍ സംബന്ധിച്ചു.
തനിമ-2015 മെഗാ തിരുവാതിരയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
തനിമ "2015"നോടനുബന്ധിച്ച് ഗിന്നസ്, ലിംക റെക്കോഡുകള്‍ക്ക് പരിഗണിക്കാന്‍ സമര്‍പ്പിക്കുന്ന നാലായിരത്തിലധികം കലാകാരികള്‍ അണിനിരക്കുന്ന മെഗാ തിരുവാതിരയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ തിരുവാതിര അധ്യാപിക ജിത ബിനോയിയുമായി (9539995000, 9846662000) ബന്ധപ്പെടണമെന്ന് തനിമയുടെ ചെയര്‍മാനായ ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ തോമസ്‌ ഉണ്ണിയാടന്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 4000 പേര്‍ക്കാണ് മെഗാ ആതിരക്കൂട്ടത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.അഞ്ച് മുതല്‍ തൊണ്ണൂറ് വയസു വരെയുള്ള വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര 2015 ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിക്കുന്ന തനിമയില്‍ ലക്ഷക്കണക്കിന് കാണികള്‍ക്ക്‌ ആസ്വദിക്കാവുന്ന രീതിയില്‍ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിലാണ് നടക്കുക.തിരുവാതിരകളിയെ അന്തര്‍ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയെന്നതാണ് മലയാളിത്തനിമയില്‍ ദശപുഷ്പം ചൂടിയ നാലായിരത്തിലേറെ മങ്കമാര്‍ അണിനിരക്കുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള മെഗാ തിരുവാതിരയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
തനിമ സാഹിത്യ മത്സരങ്ങളിലെ പ്രശ്‌നോത്തരി, കാവ്യാലാപനം ഉദ്ഘാടനം ചെയ്തു
തനിമ 2015ന്റെ ഭാഗമായി ഇരിങ്ങാലക്കുട കെ.എസ്. പാര്‍ക്കില്‍ നടന്ന പശ്‌നോത്തരി, കാവ്യാലാപനം എന്നീ മത്സരങ്ങള്‍ കെ.എഫ്.സി. മാനേജിങ്ങ് ഡയറക്ടര്‍ എം.സി. പോള്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. ആനന്ദ് മേനോന്‍ ചീഫ് ജനറല്‍ മാനേജര്‍ അദ്ധ്യക്ഷത വഹിച്ചു. മോഹന്‍ കോനിക്കര-ക്വിസി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ജോഫിന്‍ ചക്കാലക്കല്‍-ക്വിസ്സ് മാസ്റ്റര്‍ റോയ് ജോസഫ്, ടി.കെ.എസ്. പ്രഭു, ടി.ഡി. ജോസ്, വെങ്കിടാചലം, ജോസ് മാമ്പിള്ളി എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിഷ അജയന്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍, എം.എന്‍ തമ്പാന്‍, ഇ.പി. ത്രിപുര, ശ്രീദേവിടീച്ചര്‍, ബേബി മാസ്റ്റര്‍, ഗോപിനാഥ്, രാധ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
തനിമ 2015 ചിത്രരചന മത്സരം നിറങ്ങള്‍ ചാലിച്ച് കുരുന്നുകള്‍
ഇരിങ്ങാലക്കുട തനിമ 2015 നോട് അനുബന്ധിച്ച് നടന്ന ചിത്രരചനാമത്സരം സെന്റ് ജോസഫ്‌സ് കോളേജില്‍ വച്ച് നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ആനി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിറങ്ങളുടെ ലോകത്തേക്ക് കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കാനും ആ നിറങ്ങള്‍ കുരുന്നു മനസ്സിന് സന്തോഷം നല്‍കുമെന്നും ഉദ്ഘാടകയായ ആനികുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. മായാവി, കുട്ടൂസന്‍ എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ പ്രസിദ്ധനായ ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്‌കൂളുകളില്‍നിന്നും അമ്പതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എം.എന്‍.തമ്പാന്‍, എന്‍.വി.രാധ, കെ.പി.ദേവദാസ്, തുമ്പൂര്‍ ലോഹിദാക്ഷന്‍, ബേബി മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
തനിമ 2015 കഥ,കവിതാ രചന മത്സര ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക ഉത്സവമായ തനിമയുടെ കഥ, കവിത രചന ഉത്സവങ്ങളുട ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് വി.എച്ച്.എസ്. ല്‍ വെച്ച് നടന്ന ചടങ്ങില്‍ തനിമ കോംപറ്റീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ അജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹേന കെ.ആര്‍ ആശംസയര്‍പിച്ചു. കണ്‍വീനര്‍ ലോഹിതാക്ഷന്‍ സ്വാഗതവും തമ്പാന്‍ നന്ദിയും പറഞ്ഞു.